Wednesday, March 26, 2008

ഇരട്ട ക്ലൈമാക്സുള്ള ആദ്യ മലയാള ചലച്ചിത്രം-തിരമാല

ഹരികൃഷ്ണന്‍സ്‌ എന്ന പടത്തോടു കൂടിയാണല്ലോ ഇരട്ട ക്ലൈമാക്സ്‌ എന്ന ആശയം അറിയപ്പെട്ടു തുടങ്ങിയത്‌. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ ആശയം മലയാള സിനിമയില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. 1953 മാര്‍ച്ച്‌ 21ന്‌ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലൂടെ. രണ്ടു ക്ലൈമാക്സായിരുന്നു ഈ പടത്തിനുണ്ടായിരുന്നത്‌. ഒന്നില്‍ നായകന്‍ കടല്‍ത്തിരയില്‍ പെട്ടു മരിക്കുന്ന ദുരന്തപര്യവസായിയും മറ്റൊന്നില്‍ അദ്ദേഹം കാമുകിയെ വിവാഹം ചെയ്യുന്ന ശുഭപര്യവസായിയും. തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ആണു ആദ്യത്തെ ക്ലൈമാക്സുള്ള പടം റിലീസ്‌ ചെയ്തതു. കൊച്ചി, മലബാര്‍ ഭാഗങ്ങളില്‍ രണ്ടാമത്തെ ക്ലൈമാക്സും. ഈ പടത്തിന്റെ വിതരണക്കാരുടെ ആവശ്യപ്രകാരം ആണ്‌ ഇങ്ങനെ ഇരട്ട ക്ലൈമാക്സ്‌ ഉണ്ടാക്കിയത്‌. ചെങ്ങന്നൂരിനടുത്ത്‌ പമ്പാ നദിയില്‍ വച്ചാണ്‌ നായകന്‍ മുങ്ങി മരിക്കുന്ന ഇതിന്റെ ക്ലൈമാക്സ്‌ രംഗം ചിത്രീകരിച്ചത്‌. നദിയില്‍ മുട്ടൊപ്പം വെള്ളം മാത്രമെ ഉണ്ടായിരുന്നുള്ളു അപ്പോള്‍. എന്നാലും അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആ രംഗം നായകന്‍ കടലില്‍ മുങ്ങി മരിക്കുന്ന പോലെ വളരെ ഭംഗിയായി രൂപാന്തരപ്പെടുത്തി. ഫോര്‍ട്ടുകൊച്ചിക്കാരനായ തോമസ്‌ ബര്‍ളി എന്ന ബഹുമുഖ പ്രതിഭ ആണ്‌ ഈ ചിത്രത്തിലെ നായകന്‍.

മറ്റു ചില പ്രത്യേകതകള്‍ കൂടി ഈ ചിത്രത്തിന്‌ അവകാശപ്പെടനുണ്ട്‌. പി ഭാസ്കരനും, അടൂര്‍ ഭാസിയും ആദ്യമായി അഭിനയിക്കുന്നത്‌ ഈ പടത്തില്‍ ആണ്‌. അതു പോലെ ശാന്ത പി നായര്‍ ആദ്യമായി സിനിമയില്‍ പാടുന്നതും ഈ ചിത്രത്തിലൂടെയാണ്‌

Tuesday, March 18, 2008

സ്വപ്നരാഗം-രവീന്ദ്രന്‍ മാഷിന്‍ടെ അറിയപ്പെടാത്ത പടം ??

1981 ഒക്ടോബര്‍ 2 നു മദ്രാസ്സില്‍ ചിത്രീകരണം തുടങ്ങിയ ഈ പടത്തിന്‍ടെ സംവിധായകന്‍ യതീന്ദ്രദാസ് ആണ്‌. ഇതിന്ടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ രവീന്ദ്രന്‍ ആണ്‌. ഗാനരചന പൂവച്ചല്‍ ഖാദറും രാപ്പള്‍ സുകുമാരും ചേര്‍ന്നാണ്‌. ഇങ്ങനെ ഒരു പടത്തെ പറ്റിയൊ ഇതിലുള്ള ഗാനങ്ങളെ പറ്റിയൊ അദ്ദേഹത്തിന്ടെ ആരധകരുടെ കയ്യിലുള്ള ലിസ്റ്റില്‍ ഒന്നും കാണുന്നില്ല.

1981 നവംബര്‍ 8ന്‌ പുറത്തിറങ്ങിയ ഫിലിം മാഗസിന്‍ എന്ന വാരികയില്‍ ആണ്‌ ഈ പടത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്‌. ഇതില്‍ അഭിനയിച്ചിരിക്കുന്നത്‌ ബാലന്‍ കെ നായര്‍, അടൂര്‍ ഭാസി, നെല്ലിക്കോട്‌ ഭാസ്കരന്‍, ആലുമ്മൂടന്‍, പപ്പു, മാള, പൂജപ്പുര, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ്‌. ഇതിന്‍ടെ തിരക്കഥയും യതീന്ദ്രദാസിന്‍ടെയാണ്‌. ഈ പടത്തെക്കുറിച്ച്‌ വേറെ ഒരിടത്തും പരാമര്‍ശിച്ച്‌ കാണുന്നില്ല. ഇതെ അണിയറ പ്രവര്‍ത്തകരെ വച്ചുള്ള പടം ഒന്നും പുറത്തിറങ്ങിയതായി കാണിന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന സംഗീതസംവിധായകന്‍ രവീന്ദ്രന്‍, കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാഷ്‌ തന്നെ ആണൊ എന്നാണൂ സംശയം

 
Google