Wednesday, March 26, 2008

ഇരട്ട ക്ലൈമാക്സുള്ള ആദ്യ മലയാള ചലച്ചിത്രം-തിരമാല

ഹരികൃഷ്ണന്‍സ്‌ എന്ന പടത്തോടു കൂടിയാണല്ലോ ഇരട്ട ക്ലൈമാക്സ്‌ എന്ന ആശയം അറിയപ്പെട്ടു തുടങ്ങിയത്‌. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ ആശയം മലയാള സിനിമയില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. 1953 മാര്‍ച്ച്‌ 21ന്‌ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലൂടെ. രണ്ടു ക്ലൈമാക്സായിരുന്നു ഈ പടത്തിനുണ്ടായിരുന്നത്‌. ഒന്നില്‍ നായകന്‍ കടല്‍ത്തിരയില്‍ പെട്ടു മരിക്കുന്ന ദുരന്തപര്യവസായിയും മറ്റൊന്നില്‍ അദ്ദേഹം കാമുകിയെ വിവാഹം ചെയ്യുന്ന ശുഭപര്യവസായിയും. തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ആണു ആദ്യത്തെ ക്ലൈമാക്സുള്ള പടം റിലീസ്‌ ചെയ്തതു. കൊച്ചി, മലബാര്‍ ഭാഗങ്ങളില്‍ രണ്ടാമത്തെ ക്ലൈമാക്സും. ഈ പടത്തിന്റെ വിതരണക്കാരുടെ ആവശ്യപ്രകാരം ആണ്‌ ഇങ്ങനെ ഇരട്ട ക്ലൈമാക്സ്‌ ഉണ്ടാക്കിയത്‌. ചെങ്ങന്നൂരിനടുത്ത്‌ പമ്പാ നദിയില്‍ വച്ചാണ്‌ നായകന്‍ മുങ്ങി മരിക്കുന്ന ഇതിന്റെ ക്ലൈമാക്സ്‌ രംഗം ചിത്രീകരിച്ചത്‌. നദിയില്‍ മുട്ടൊപ്പം വെള്ളം മാത്രമെ ഉണ്ടായിരുന്നുള്ളു അപ്പോള്‍. എന്നാലും അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആ രംഗം നായകന്‍ കടലില്‍ മുങ്ങി മരിക്കുന്ന പോലെ വളരെ ഭംഗിയായി രൂപാന്തരപ്പെടുത്തി. ഫോര്‍ട്ടുകൊച്ചിക്കാരനായ തോമസ്‌ ബര്‍ളി എന്ന ബഹുമുഖ പ്രതിഭ ആണ്‌ ഈ ചിത്രത്തിലെ നായകന്‍.

മറ്റു ചില പ്രത്യേകതകള്‍ കൂടി ഈ ചിത്രത്തിന്‌ അവകാശപ്പെടനുണ്ട്‌. പി ഭാസ്കരനും, അടൂര്‍ ഭാസിയും ആദ്യമായി അഭിനയിക്കുന്നത്‌ ഈ പടത്തില്‍ ആണ്‌. അതു പോലെ ശാന്ത പി നായര്‍ ആദ്യമായി സിനിമയില്‍ പാടുന്നതും ഈ ചിത്രത്തിലൂടെയാണ്‌

Tuesday, March 18, 2008

സ്വപ്നരാഗം-രവീന്ദ്രന്‍ മാഷിന്‍ടെ അറിയപ്പെടാത്ത പടം ??

1981 ഒക്ടോബര്‍ 2 നു മദ്രാസ്സില്‍ ചിത്രീകരണം തുടങ്ങിയ ഈ പടത്തിന്‍ടെ സംവിധായകന്‍ യതീന്ദ്രദാസ് ആണ്‌. ഇതിന്ടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ രവീന്ദ്രന്‍ ആണ്‌. ഗാനരചന പൂവച്ചല്‍ ഖാദറും രാപ്പള്‍ സുകുമാരും ചേര്‍ന്നാണ്‌. ഇങ്ങനെ ഒരു പടത്തെ പറ്റിയൊ ഇതിലുള്ള ഗാനങ്ങളെ പറ്റിയൊ അദ്ദേഹത്തിന്ടെ ആരധകരുടെ കയ്യിലുള്ള ലിസ്റ്റില്‍ ഒന്നും കാണുന്നില്ല.

1981 നവംബര്‍ 8ന്‌ പുറത്തിറങ്ങിയ ഫിലിം മാഗസിന്‍ എന്ന വാരികയില്‍ ആണ്‌ ഈ പടത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്‌. ഇതില്‍ അഭിനയിച്ചിരിക്കുന്നത്‌ ബാലന്‍ കെ നായര്‍, അടൂര്‍ ഭാസി, നെല്ലിക്കോട്‌ ഭാസ്കരന്‍, ആലുമ്മൂടന്‍, പപ്പു, മാള, പൂജപ്പുര, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ്‌. ഇതിന്‍ടെ തിരക്കഥയും യതീന്ദ്രദാസിന്‍ടെയാണ്‌. ഈ പടത്തെക്കുറിച്ച്‌ വേറെ ഒരിടത്തും പരാമര്‍ശിച്ച്‌ കാണുന്നില്ല. ഇതെ അണിയറ പ്രവര്‍ത്തകരെ വച്ചുള്ള പടം ഒന്നും പുറത്തിറങ്ങിയതായി കാണിന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന സംഗീതസംവിധായകന്‍ രവീന്ദ്രന്‍, കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാഷ്‌ തന്നെ ആണൊ എന്നാണൂ സംശയം

Wednesday, February 27, 2008

ദേവരാജന്‍ മാഷ്‌ ആദ്യമായി നാടക നടനായി

KPAC ലൂടെ ആയിരുന്നല്ലൊ ദേവരാജന്‍ മാഷിന്റെ സംഗീത ജീവിതത്തിന്റെ തുടക്കം. അവിടുത്തെ കലാജീവിതത്തിനിടക്ക്‌ ഒരിക്കല്‍ അദ്ദേഹത്തിനു നാടകത്തില്‍ അഭിനയിക്കേണ്ടി വന്നു. ഒരു പക്ഷെ ആദ്യമായും അവസാനമായും. വളരെ രസകരമാണ്‌ ആ കഥ.

1953ല്‍ "നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി" എന്ന നാടകം കേരളമാകെ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയം. ഇതിനിടയില്‍ സര്‍ക്കാറിന്റെ നിരോധനവും വന്നു. ഈ സമയം അവിടെ മാനേജര്‍ ആയി ഉണ്ടായിരുന്നതു കോടാകുളങ്ങര വാസുപിള്ള എന്നയാള്‍ ആയിരുന്നു. സമിതിക്കകത്തെ ചില പ്രശ്നങ്ങള്‍ കാരണം ഒരു ഭിന്നിപ്പുണ്ടായി. കോടാകുളങ്ങരയോടൊപ്പം സുലോചന, സുധര്‍മ്മ, വിജയകുമാരി തുടങ്ങിയവര്‍ സമിതിയില്‍ നിന്നും പോയി. കണ്ണൂര്‍ കിസ്സാന്‍ സമ്മേളനത്തില്‍ ഈ നാടകം അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നു. ഇതിലെ നായികയായ സുമയുടെ വേഷം ചെയ്തിരുന്നതു സുലോചന ആയിരുന്നു. അവര്‍ തന്നെ പാടിയിരുന്ന " പൊന്നരിവാള്‍ അമ്പിളിയില്" എന്ന ഗാനം ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. മറ്റു കഥാപാത്രങ്ങല്‍ക്കു പകരകാരെ കണ്ടെത്താന്‍ വിഷമമില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പൊള്‍ തോപ്പില്‍ ഭാസി തന്നെ പരിഹാരം കണ്ടെത്തി. അദ്ധേഹത്തിന്റെ കഥയില്‍ നായിക രംഗത്തില്ല എന്നും ആ രീതിയില്‍ അവതരിപ്പിച്ചാല്‍ മതി എന്നും പറഞ്ഞു. പക്ഷെ ഇതു കൊണ്ടും പ്രശ്നം തീര്‍ന്നില്ല. സുലോചന പാടിയ ആ ഗാനം എങ്ങനെ അവതരിപ്പിക്കും എന്നതായി അടുത്ത പ്രശ്നമ്. ഒടുവില്‍ ആരോ അതിനും ഒരു പോംവഴി കണ്ടെത്തി. ദേവരാജനെ അരങ്ങില്‍ കയറ്റി പാട്ടു പാടിക്കുക.


നാടകത്തിലെ സന്ദര്‍ഭങ്ങള്‍ അതിനു വേണ്ടി ഒന്നു മാറ്റി. കേശവന്‍ നായര്‍ എന്ന കഥാപാത്രം വേലുച്ചാര്‍ എന്ന കഥാപാത്രത്തോടു ചോദിക്കും "എടോ എന്റെ മകള്‍ സുമത്തിനെ പാട്ടു പഠിപ്പിക്കാന്‍ ഒരുത്തനെ കൊണ്ടുവരാമെന്നു താന്‍ എത്ര നാളായി പറയുന്നു. ഇതു വരെ കണ്ടില്ലല്ലൊ ? ". അപ്പോള്‍ വേലുച്ചാര്‍ പറയും " അങ്ങനെ ഒരുത്തനെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്‌. കറുത്തവനാണെങ്കിലും സുമക്കുഞ്ഞിന്‌ ഇഷ്ടപ്പെടും. അവന്‍ പുറത്തിരിക്കുന്നു. " എങ്കില്‍ അവനെ വിളിക്ക്‌ എന്നു കേശവന്‍ നായര്‍ പറയുമ്പോള്‍ ദേവരാജന്‍ കയറി വരികയും സുലോചന പാടി കൊണ്ടിരുന്ന പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന ഗാനം പാടുകയും ചെയ്യും. അങ്ങനെ 1953ല്‍ കണ്ണൂരില്‍ വച്ചു ദേവരാജന്‍ മാഷ്‌ ആദ്യമായും അവസാനമായും നാടകത്തില്‍ അഭിനയിക്കുന്നത്‌.

മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ശ്രീ തോപ്പില്‍ കൃഷ്ണപിള്ളയുടെ ഏഴായിരം രാവുകള്‍ എന്ന ആത്മകഥയില്‍ പറഞ്ഞിട്ടുള്ളതാണ്‌. 1996ല്‍ മാവേലിക്കരയിലെ പ്രതിഭ ബുക്ക്സ്‌ പുറത്തിറക്കിയതാണ്‌ ഈ പുസ്തകം

Wednesday, February 13, 2008

ജഗതി ശ്രീകുമാര്‍ ആദ്യമായി തിരക്കഥാകൃത്തായി

ഇപ്പൊഴല്ല കേട്ടോ. 29 വര്‍ഷം മുന്‍പാണു. പടത്തിന്‍റ്റെ പേരു കുരുകുരു മെച്ചം പെണ്ണുണ്‍ടൊ. എസ് ബാബു ആണു സംവിധയാകന്‍. വിന്‍സെന്‍റ്റ്, ജഗതി, ഉമ്മര്‍, പ്രതാപചന്ദ്രന്‍, ജുനിയര്‍ രാഗിണി, സുഗുണ തുടങിയവര്‍ അഭിനയിക്കുന്നു. ചിത്രീകരണം 1979 ഫെബ്രുവരിയില്‍ തുടങും. ഇതായിരുന്നു 1979 ജനുവരി 21 നു ഇറങ്ങിയ നാന സിനിമ വാരികയില്‍ വന്ന വാര്‍ത്ത. ഇതിന്‍ടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതു എ റ്റി ഉമ്മര്‍ ആണു.

ഇതിന്‍റ്റെ ഗാനരചനയെ പറ്റി ഒന്നും അതില്‍ കൊടുത്തിട്ടില്ല. ഇങനെ ഒരു പടം പുറത്തിറങിയതായി അറിവില്ല. ഒരു പക്ഷെ ഇതും പാതി വഴിയില്‍ ഉപേക്ഷിച്ചു കാണും. ഈ പടത്തിനെ പറ്റി വേറെ ഒന്നും കേട്ടിട്ടില്ല. കൂടുതല്‍ അറിയാന്‍ താല്‍പ്പര്യപ്പെടുന്നു.

Thursday, February 7, 2008

മലയാള സിനിമ "ഇംഗ്ളീഷ്‌ " സംസാരിച്ചു തുടങ്ങി-ബാലനിലൂടെ

70 വര്‍ഷങ്ങള്‍ക്കു മുന്പു, ക്രുത്യമായി പറഞ്ഞാല്‍ 1938 ജനുവരി 19ആം തീയതി ബുധനാഴ്ച ബാലന്‍ (Balan)റിലീസായി. കൊച്ചി സെലക്റ്റ്‌ ടാക്കീസില്‍. ഏതൊരു ചലച്ചിത്ര പ്രേമിയോട്‌ ചോദിച്ചാലും ബാലന്‍ എന്ന മലയാള സിനിമയെ പറ്റി അറിയാം. പക്ഷെ അതിന്റെ സ്രുഷ്ടിക്കു പിന്നിലുള്ള കഥകള്‍ എത്ര പേര്‍ക്കറിയാം. തിരുവനന്തപുരം സ്വദേശി ഏ സുന്ദരം പിള്ള എന്ന ആള്‍ ആണു ഈ സംരംഭത്തിനു പിന്നില്‍ ഉണ്ടായിരുന്നതു. അദ്ദേഹം സംവിധാനം ചെയ്യാന്‍ പൊകുന്ന പുതിയ മലയാളം പടത്തിലേക്കു നടീനടന്മാരെ ആവശ്യമുണ്ടു എന്നു ഒരു പത്ര പരസ്യം കൊടുക്കുകയുണ്ടായി. "വിധിയും മിസ്സിസ്‌ നായരും" എന്നായിരുന്നു പടത്തിന്റെ പേരു.തിരഞ്ഞെടുക്ക പെടുന്നവര്‍ ഒരു ഉടംപടിയില്‍ ഒപ്പിടണമായിരുന്നു.അദ്ദേഹം എങ്ങനെയോ സേലത്തെ മോടേണ്‍ തീയെറ്റഷ്സിലെ ടീ ആര്‍ സുന്ദരം എന്ന വ്യക്തിയുമായി ഒരു പരിചയത്തിലായി.

പക്ഷെ നായികയായി തിരഞ്ഞെടുക്കപെട്ട കുഞ്ഞമ്മു എന്ന ത്രിശൂര്‍കാരിയുമായി അദ്ദേഹം പ്രണയത്തില്‍ ആയി. അതു അവസാനം ഒളിച്ചോട്ടത്തില്‍ അവസാനിച്ചു. ഈ ഘട്ടത്തില്‍ പടത്തിന്റെ നിര്‍മ്മാണ ചുമതല ടീ ആര്‍ സുന്ദരം ഏറ്റെടുക്കയുണ്ടായി. അദ്ദേഹം ഈ പടത്തിന്റെ തിരക്കഥയും ഗാനങ്ങളും മുതുകുളം രഘവന്` പിള്ളയെ ഏല്‍പ്പിച്ചു, 25 രൂപക്കു. പടത്തിന്റെ പേരും മാറ്റി, ബാലന്‍ എന്നാക്കി. അങ്ങനെ നേരത്തെ ഉണ്ടാക്കിയ ഉടംപടി അസാധുവായി. സംവിധാന ചുമതല നൊട്ടാനി എന്ന പാര്‍സിയെ ഏല്‍പ്പിച്ചു.അങ്ങനെ ഈ പടത്തിന്റെ ചിത്രീകരണം 1937 ഓഗസ്റ്റ്‌ മാസം 17ആം തീയതി ആരംഭിച്ചു. ആലപ്പി വിന്‍സെന്റ്‌ ആണു ആദ്യ ഡയലോഗ്‌ പറഞ്ഞതു. "Good Luck To Everybody" എന്നായിരുന്നു അതു. എകദേശം 6 മാസം കൊണ്ടു ചിത്രീകരണം പൂര്‍ത്തിയായി. അങ്ങനെ മലയാളത്തിലെ ആദ്യ ശബ്ധ ചലച്ചിത്രം പിറവി കൊണ്ടു.

ബാലന്‍ എന്ന ചലച്ചിത്രത്തെ പറ്റിയും അതിനു പിന്നിലുള്ള സംഭവങ്ങളെ പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണു ആര്‍ ഗോപാലക്രിഷ്ണന്‍ രചിച്ച "Good Luck To Everybody" എന്ന പുസ്തകം, എതൊരു ചലച്ചിത്ര ഗവേഷകന്റെയും, ചലച്ചിത്ര പ്രേമിയുടെ കയ്യിലും ഉണ്ടായിരിക്കേണ്ട ഒന്നാണു.

 
Google