Wednesday, February 27, 2008

ദേവരാജന്‍ മാഷ്‌ ആദ്യമായി നാടക നടനായി

KPAC ലൂടെ ആയിരുന്നല്ലൊ ദേവരാജന്‍ മാഷിന്റെ സംഗീത ജീവിതത്തിന്റെ തുടക്കം. അവിടുത്തെ കലാജീവിതത്തിനിടക്ക്‌ ഒരിക്കല്‍ അദ്ദേഹത്തിനു നാടകത്തില്‍ അഭിനയിക്കേണ്ടി വന്നു. ഒരു പക്ഷെ ആദ്യമായും അവസാനമായും. വളരെ രസകരമാണ്‌ ആ കഥ.

1953ല്‍ "നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി" എന്ന നാടകം കേരളമാകെ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയം. ഇതിനിടയില്‍ സര്‍ക്കാറിന്റെ നിരോധനവും വന്നു. ഈ സമയം അവിടെ മാനേജര്‍ ആയി ഉണ്ടായിരുന്നതു കോടാകുളങ്ങര വാസുപിള്ള എന്നയാള്‍ ആയിരുന്നു. സമിതിക്കകത്തെ ചില പ്രശ്നങ്ങള്‍ കാരണം ഒരു ഭിന്നിപ്പുണ്ടായി. കോടാകുളങ്ങരയോടൊപ്പം സുലോചന, സുധര്‍മ്മ, വിജയകുമാരി തുടങ്ങിയവര്‍ സമിതിയില്‍ നിന്നും പോയി. കണ്ണൂര്‍ കിസ്സാന്‍ സമ്മേളനത്തില്‍ ഈ നാടകം അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നു. ഇതിലെ നായികയായ സുമയുടെ വേഷം ചെയ്തിരുന്നതു സുലോചന ആയിരുന്നു. അവര്‍ തന്നെ പാടിയിരുന്ന " പൊന്നരിവാള്‍ അമ്പിളിയില്" എന്ന ഗാനം ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. മറ്റു കഥാപാത്രങ്ങല്‍ക്കു പകരകാരെ കണ്ടെത്താന്‍ വിഷമമില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പൊള്‍ തോപ്പില്‍ ഭാസി തന്നെ പരിഹാരം കണ്ടെത്തി. അദ്ധേഹത്തിന്റെ കഥയില്‍ നായിക രംഗത്തില്ല എന്നും ആ രീതിയില്‍ അവതരിപ്പിച്ചാല്‍ മതി എന്നും പറഞ്ഞു. പക്ഷെ ഇതു കൊണ്ടും പ്രശ്നം തീര്‍ന്നില്ല. സുലോചന പാടിയ ആ ഗാനം എങ്ങനെ അവതരിപ്പിക്കും എന്നതായി അടുത്ത പ്രശ്നമ്. ഒടുവില്‍ ആരോ അതിനും ഒരു പോംവഴി കണ്ടെത്തി. ദേവരാജനെ അരങ്ങില്‍ കയറ്റി പാട്ടു പാടിക്കുക.


നാടകത്തിലെ സന്ദര്‍ഭങ്ങള്‍ അതിനു വേണ്ടി ഒന്നു മാറ്റി. കേശവന്‍ നായര്‍ എന്ന കഥാപാത്രം വേലുച്ചാര്‍ എന്ന കഥാപാത്രത്തോടു ചോദിക്കും "എടോ എന്റെ മകള്‍ സുമത്തിനെ പാട്ടു പഠിപ്പിക്കാന്‍ ഒരുത്തനെ കൊണ്ടുവരാമെന്നു താന്‍ എത്ര നാളായി പറയുന്നു. ഇതു വരെ കണ്ടില്ലല്ലൊ ? ". അപ്പോള്‍ വേലുച്ചാര്‍ പറയും " അങ്ങനെ ഒരുത്തനെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്‌. കറുത്തവനാണെങ്കിലും സുമക്കുഞ്ഞിന്‌ ഇഷ്ടപ്പെടും. അവന്‍ പുറത്തിരിക്കുന്നു. " എങ്കില്‍ അവനെ വിളിക്ക്‌ എന്നു കേശവന്‍ നായര്‍ പറയുമ്പോള്‍ ദേവരാജന്‍ കയറി വരികയും സുലോചന പാടി കൊണ്ടിരുന്ന പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന ഗാനം പാടുകയും ചെയ്യും. അങ്ങനെ 1953ല്‍ കണ്ണൂരില്‍ വച്ചു ദേവരാജന്‍ മാഷ്‌ ആദ്യമായും അവസാനമായും നാടകത്തില്‍ അഭിനയിക്കുന്നത്‌.

മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ശ്രീ തോപ്പില്‍ കൃഷ്ണപിള്ളയുടെ ഏഴായിരം രാവുകള്‍ എന്ന ആത്മകഥയില്‍ പറഞ്ഞിട്ടുള്ളതാണ്‌. 1996ല്‍ മാവേലിക്കരയിലെ പ്രതിഭ ബുക്ക്സ്‌ പുറത്തിറക്കിയതാണ്‌ ഈ പുസ്തകം

4 comments:

ഭൂമിപുത്രി said...

ദേവരാജന്‍ മാഷിന്റെ ആരാധകര്‍ക്കു ഇതൊരു വിലയേറിയ വിവരമാകും

സംഗീതപ്രേമി said...

അങ്ങനെ ആകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു ഭൂമിപുത്രി

Anonymous said...

Informative article

ബൈജു (Baiju) said...

ഇതൊരു പുതിയ അറിവാണ്. നന്ദി :)

 
Google